ശക്തമായ പ്രവർത്തനത്തിന് എൻ എസ് എസിന് കരുത്തേകിയത് മന്നത്തിൻ്റെ ക്രാന്തദർശിത്വം:പി ജി എം നായർ

കടുത്തുരുത്തി:ശക്തമായ സംഘടനാ സംവിധാനവും സമുജ്ജ്വലമായ പ്രവർത്തനവുമായി നാടിൻ്റെ പുരോഗതിക്ക് സമഗ്ര സംഭാവന നൽകുവാൻ നായർ നമുദായത്തിന് സാധ്യമായത് മന്നത്തിൻ്റെ ക്രാന്തദർശിത്വം കൊണ്ടാണെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം വിഭാവനം ചെയ്ത ഭരണഘടനയും അടിസ്ഥാന തത്ത്വങ്ങളും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാൻ സമുദായാംഗങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വൈക്കം താലൂക്കിലെ 97 കരയോഗങ്ങളെ 14 മേഖലകളായി തിരിച്ച് “ശക്തം സമഗ്രം” എന്ന പേരിൽ നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി ഞീഴൂർ പഞ്ചായത്ത് മേഖലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡൻ്റ് എൻ പത്മനാഭപിള്ള അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ രാജഗോപാലൻ പ്രവർത്തന രേഖ അവതരിപ്പിച്ചു. മേഖലയിലെ ഏഴ് കരയോഗങ്ങളിൽ നിന്നും ഏഴ് വനിതാസമാജങ്ങളിൽ നിന്നുമുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്.
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് സി പി നാരായണൻ നായർ, പി ഡി രാധാകൃഷ്ണൻ, കെ ജയലക്ഷ്മി, പി എസ് വേണുഗോപാൽ, ജി ജി മധു, ശ്രീകലാ ദിലീപ്, അരുൺകുമാർ, ശ്രീലേഖ മണിലാൽ ,സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp